This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്യാബിനറ്റ് മിഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്യാബിനറ്റ് മിഷന്‍

Cabinet Mission

ഇന്ത്യയ്ക്കു പൂര്‍ണസ്വാതന്ത്ര്യം നല്കുന്നതിനെപ്പറ്റി ആലോചിച്ചു തീരുമാനമെടുക്കാന്‍ ബ്രിട്ടീഷ് ക്യാബിനറ്റ് നിയോഗിച്ച മൂന്നംഗസമിതി. സര്‍ സ്റ്റാഫോര്‍ഡ് ക്രിപ്സ്, ലോഡ് പെത്തിക് ലാറന്‍സ്, എ.വി. അലക്സാണ്ടര്‍ എന്നിവരായിരുന്നു ഈ സംഘത്തിലെ അംഗങ്ങള്‍. ക്യാബിനറ്റ് മിഷനെ നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം 1946 ഫെ. 19-ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടത്തുകയുണ്ടായി. അന്ന് ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റായിരുന്നു അധികാരത്തില്‍. ഇന്ത്യയ്ക്കെന്നപോലെ ബ്രിട്ടീഷ് കോമണ്‍വെല്‍ത്തിനും ലോകസമാധാനത്തിനും സുപ്രധാനമായ ഒന്നാണ് ക്യാബിനറ്റ് മിഷന്‍ എന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. പൊതുജനനേതാക്കളുമായി സഹകരിച്ച് ഇന്ത്യയ്ക്കു പൂര്‍ണ സ്വയംഭരണാധികാരമുള്ള ഗവണ്‍മെന്റ് രൂപവത്കരിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ വേണ്ടിയാണ് മിഷനെ നിയോഗിച്ചത്. 1946 മാ. 15-ന് ബ്രിട്ടീഷ് കോമണ്‍സഭയില്‍ ക്യാബിനറ്റ് മിഷനെപ്പറ്റി ചര്‍ച്ച നടന്നു. ദേശീയത്വം ഇന്ത്യയില്‍ അതിന്റെ പാരമ്യതയില്‍ എത്തിയിരിക്കുകയാണെന്നും എത്രയും പെട്ടെന്ന് ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നല്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ക്യാബിനറ്റ് മിഷന്‍ യാത്രതിരിക്കുന്നതെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. എന്നാല്‍ സ്വാതന്ത്ര്യം കിട്ടിയാല്‍ ഏതുതരം ഗവണ്‍മെന്റാണ് ആവശ്യമെന്ന് ഇന്ത്യക്കാര്‍ തന്നെ തീരുമാനിക്കണമെന്നായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അഭിപ്രായം.

കോണ്‍ഗ്രസ് പ്രസിഡന്റ് മൗലാനാ അബ്ദുള്‍ കലാം ആസാദ് ക്യാബിനറ്റ് മിഷനൊപ്പം

1946 മാ. 24-ന് ക്യാബിനറ്റ് മിഷന്‍ ഇന്ത്യയിലെത്തി. ഇന്ത്യലെത്തിയശേഷം വൈസ്രോയിയെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു മിഷന്‍ പ്രവര്‍ത്തിച്ചത്. ഇന്ത്യയ്ക്ക് ഒരു ഗവണ്‍മെന്റിന്റെ മാതൃകയുമായിട്ടായിരുന്നില്ല സംഘം വന്നത്. ഇന്ത്യന്‍ നേതാക്കളുമായി ചര്‍ച്ച ചെയ്ത് അവര്‍ക്കുകൂടി സ്വീകാര്യമായ രീതിയില്‍ ഭരണഘടനയും ഗവണ്‍മെന്റും രൂപവത്കരിക്കുന്നതിനുള്ള പ്രാരംഭ ഏര്‍പ്പാടുകളുണ്ടാക്കുക മാത്രമാണു സംഘത്തിന്റെ ഉദ്ദേശ്യമെന്ന് സംഘാംഗങ്ങള്‍ വ്യക്തമാക്കുകയുണ്ടായി. ഭരണഘടനാനിര്‍മിതിക്കുവേണ്ടി ഇന്ത്യന്‍ നേതാക്കള്‍ തന്നെ ചര്‍ച്ച ചെയ്തു സ്വീകാര്യമായ ഒരു സംവിധാനമുണ്ടാക്കണമെന്നതായിരുന്നു മിഷന്റെ നിലപാട്. ഭരണഘടനാനിര്‍മാണ രീതിയെപ്പറ്റി ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വത്തിന് സ്വീകാര്യമായ ഒരു തീരുമാനമെടുക്കുക, ഭരണഘടനാനിര്‍മാണവേളയില്‍ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതാക്കളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ഇടക്കാല ഗവണ്‍മെന്റിനു രൂപം നല്കാന്‍ സഹായിക്കുക എന്ന ദ്വിമുഖലക്ഷ്യമാണ് മിഷനുണ്ടായിരുന്നത്. പ്രാരംഭമെന്ന നിലയില്‍ ഇന്ത്യന്‍ സ്ഥിതിഗതികളുമായി പരിചയപ്പെടുന്നതിനുവേണ്ടി ഗവര്‍ണര്‍ ജനറല്‍, എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍, പ്രവിശ്യാഗവര്‍ണര്‍മാര്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തി. തുടര്‍ന്നുള്ള രണ്ടാഴ്ചക്കാലം രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍, പ്രവിശ്യാപ്രധാനമന്ത്രിമാര്‍, ന്യൂനപക്ഷങ്ങളുടെയും മറ്റു നിക്ഷിപ്ത താത്പര്യ വിഭാഗങ്ങളുടെയും പ്രതിനിധികള്‍ തുടങ്ങി ഒട്ടേറെ പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടു. 1946 ഏപ്രില്‍ അവസാനത്തോടെ പ്രാഥമിക പ്രവര്‍ത്തനങ്ങളെല്ലാം മിഷന്‍ ചെയ്തു തീര്‍ത്തു.

എന്നാല്‍ ഇതിനിടെ ആഭ്യന്തരമായി പല സംഭവവികാസങ്ങളുമുണ്ടായി. ഇന്ത്യയില്‍ മുസ്ലിങ്ങള്‍ ന്യൂനപക്ഷമാണെന്നും ന്യൂനപക്ഷത്തിനു യാതൊരു കാരണവശാലും ഭൂരിപക്ഷ കോണ്‍ഗ്രസ്സുകാരുടെ മേല്‍ ആധിപത്യത്തിനുള്ള അവകാശമില്ലെന്നുമുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രസ്താവന ജിന്ന തുടങ്ങിയ മുസ്ലിംലീഗു നേതാക്കളെ പ്രകോപിപ്പിക്കുകയുണ്ടായി. ഭരണഘടനാനിര്‍മാണ സംരംഭവുമായി തങ്ങള്‍ക്കു സഹകരിക്കാനാവുകയില്ലെന്ന് ജിന്ന വ്യക്തമാക്കി. പാകിസ്താനും ഇന്ത്യക്കുംവേണ്ടി രണ്ടു വ്യത്യസ്ത ഭരണഘടനാനിര്‍മാണ സമിതികള്‍ രൂപവത്കരിക്കണമെന്നതായിരുന്നു മുസ്ലിംലീഗിന്റെ ആവശ്യം. എന്നാല്‍ അവിഭക്തഭാരതവും ഏകഭരണഘടനാനിര്‍മാണസമിതിയുമെന്ന ആശയവുമായി കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുകയാണുണ്ടായത്. ഭരണഘടനാനിര്‍മാണ കാര്യത്തില്‍ ഇരുവിഭാഗങ്ങള്‍ക്കും യോജിപ്പിലെത്താവുന്ന തരത്തിലുള്ള ഒരു സംവിധാനത്തിനുവേണ്ടി മിഷന്‍ പല ശ്രമങ്ങളും നടത്തി. ഇതിന്റെ ഭാഗമായി 1946 മേയ് 5 മുതല്‍ 12 വരെ സിംലയില്‍ മുസ്ലിംലീഗും കോണ്‍ഗ്രസ്സുമായി മിഷന്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യയ്ക്കുവേണ്ടിയുള്ള ഭാവിഗവണ്‍മെന്റിന്റെ സ്വഭാവവും ഭരണഘടനാനിര്‍മാണരീതിയെപ്പറ്റിയുള്ള വിശദാംശങ്ങളും പ്രതിപാദിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് മേയ് 16-ന് മിഷന്‍ പുറത്തിറക്കുകയുണ്ടായി.

ഇന്ത്യയ്ക്ക് ഭാവിഭരണഘടന നിര്‍ണയിക്കുന്നതിനും പുതിയ ഭരണഘടന നിലവില്‍ വരുന്നതുവരെ ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണം നിര്‍വഹിക്കുന്നതിനുമുള്ള അടിയന്തര ഏര്‍പ്പാടുകള്‍ക്കു രൂപം നല്കിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് മിഷന്‍ പുറത്തിറക്കിയത്. ദ്വിരാഷ്ട്ര സിദ്ധാന്തം അപ്രായോഗികമായതിനാല്‍ ഇന്ത്യയെ രണ്ടു പരമാധികാര രാഷ്ട്രങ്ങളായി വിഭജിക്കാനുള്ള മുസ്ലിംലീഗിന്റെ നിര്‍ദേശം മിഷന്‍ നിരസിച്ചു. എന്നാല്‍ അംഗബാഹുല്യം കൊണ്ട് ഹിന്ദുക്കള്‍ക്കു മേല്‍ക്കോയ്മയുള്ള അവിഭക്ത ഭാരതത്തില്‍ മുസ്ലിം സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക ജീവിതം അടിച്ചമര്‍ത്തപ്പെടാതിരിക്കാന്‍ വേണ്ട ഉപാധികള്‍ മിഷന്‍ അതിന്റെ റിപ്പോര്‍ട്ടില്‍ മുന്നോട്ടുവച്ചിരുന്നു.

അവിഭക്ത ഭാരതത്തിനുവേണ്ടി ഫെഡറല്‍ സംവിധാനത്തിലുള്ള ഗവണ്‍മെന്റാണ് മിഷന്‍ നിര്‍ദേശിച്ചത്. വിദേശകാര്യം, പ്രതിരോധം, വാര്‍ത്താവിനിമയം എന്നീ വകുപ്പുകള്‍ ഫെഡറല്‍ ഗവണ്‍മെന്റിലും അവശേഷിക്കുന്നവ പ്രവിശ്യാഗവണ്‍മെന്റുകളിലും നിക്ഷിപ്തമായിരിക്കണമെന്ന് മിഷന്‍ നിര്‍ദേശിച്ചു. ഗവണ്‍മെന്റിന്റെ നടത്തിപ്പിനുവേണ്ടിയുള്ള വരുമാനം സ്വരൂപിക്കുന്നതിനാവശ്യമായ അധികാരവും ഫെഡറല്‍ ഗവണ്‍മെന്റില്‍ നിക്ഷിപ്തമാക്കപ്പെട്ടിരുന്നു. ഒരു ഭരണനിര്‍വഹണസഭയും നിയമനിര്‍മാണസഭയും മിഷന്റെ റിപ്പോര്‍ട്ടില്‍ രൂപകല്പനചെയ്തിരുന്നു. ബ്രിട്ടീഷ് ഇന്ത്യയെയും മറ്റു നാട്ടുരാജ്യങ്ങളെയും പ്രതിനിധാനം ചെയ്യുന്നതാണ് നിയമനിര്‍മാണസഭ. സാമുദായിക പ്രശ്നങ്ങള്‍ സഭയിലുണ്ടാകുകയാണെങ്കില്‍ അത്തരം പ്രതിസന്ധികള്‍ പരിഹരിക്കാന്‍ രണ്ടു സമുദായത്തിലെയും ഭൂരിപക്ഷം അംഗങ്ങള്‍ സന്നിഹിതരായുള്ള സഭയുടെ ഭൂരിപക്ഷ വോട്ടിന്റെ അടിസ്ഥാനത്തില്‍ എടുക്കുന്ന തീരുമാനമാണ് നിര്‍ദേശിക്കപ്പെട്ടിരുന്നത്.

ഭരണനിര്‍വഹണത്തിലും നിയമനിര്‍മാണത്തിലും പരസ്പരം സഹകരിച്ചുകൊണ്ട് പ്രവിശ്യകള്‍ക്കു പലഗ്രൂപ്പുകളായി പ്രവര്‍ത്തിക്കാനുള്ള വ്യവസ്ഥ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. പൊതുവായി എടുക്കാവുന്ന പ്രവിശ്യാവകുപ്പുകളും ഈ ഗ്രൂപ്പുകള്‍ക്കുതന്നെ നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം വും നല്കപ്പെട്ടിരുന്നു. പ്രവിശ്യകള്‍ക്കു സ്വമേധയാ ഏര്‍പ്പെടാവുന്ന ഈ സംയോജിക്കലിനു പുറമേ മിഷന്‍ പ്രവിശ്യകളെ മൂന്നു ഗ്രൂപ്പുകളായി തരംതിരിച്ചിരുന്നു. ഗ്രൂപ്പ് എ.-യില്‍ മദ്രാസ്, ബോംബെ, യുണൈറ്റഡ് പ്രോവിന്‍സ്, ബിഹാര്‍, സെന്‍ട്രല്‍ പ്രോവിന്‍സ് ഒഡിഷ എന്നിവയും ഗ്രൂപ്പ് ബി.-യില്‍ പഞ്ചാബ്, നോര്‍ത്ത് വെസ്റ്റ് ഫ്രോണ്ടിയര്‍ പ്രോവിന്‍സ്, സിന്‍ഡ് എന്നിവയും ഗ്രൂപ്പ് സി.-യില്‍ ബംഗാള്‍, അസം എന്നിവയുമാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഗ്രൂപ്പ് എ ഹിന്ദു ഭൂരിപക്ഷപ്രദേശങ്ങളും ഗ്രൂപ്പ് ബിയും സിയും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളുമായിരുന്നു. പുതിയ ഭരണഘടന പ്രകാരം നടക്കുന്ന തിരഞ്ഞെടുപ്പിനുശേഷം രൂപവത്കൃതമാകുന്ന നിയമസഭ തീരുമാനമെടുക്കുന്നപക്ഷം ഓരോ ഗ്രൂപ്പില്‍നിന്നു പുറത്തുപോകാനുള്ള സ്വാതന്ത്ര്യം പ്രവിശ്യകള്‍ക്കു നല്കിയിരുന്നു. ഭരണഘടന നിലവില്‍ വന്നശേഷം പത്തുവര്‍ഷം കഴിഞ്ഞും തുടര്‍ന്നുള്ള പത്തുവര്‍ഷ കാലയളവുകളിലും ഭരണഘടനയുടെ വകുപ്പുകള്‍ പുനഃപരിശോധിക്കുവാന്‍ ആവശ്യപ്പെടാനുള്ള അധികാരവും പ്രവിശ്യകള്‍ക്കു നല്കിയിരുന്നു.

ഭരണഘടനാനിര്‍മാണസമിതിയിലേക്ക് 296 അംഗങ്ങളെ പ്രവിശ്യകളില്‍നിന്നും മറ്റു ബ്രിട്ടീഷ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും സാമുദായികാടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കാന്‍ വ്യവസ്ഥ ചെയ്തിരുന്നു. ജനസംഖ്യാനുപാതികമായിട്ടാണ് ഓരോ പ്രവിശ്യയ്ക്കുമുള്ള അംഗങ്ങളെ നിശ്ചയിച്ചിരുന്നത്. ഇങ്ങനെ ഓരോ പ്രവിശ്യയ്ക്കും നല്കുന്ന സീറ്റുകള്‍ അതതു പ്രവിശ്യകളിലെ ഭൂരിപക്ഷ സമുദായങ്ങള്‍ക്കു ജനസംഖ്യാനുപാതികമായി വിഭജിക്കുന്നു. ഇതിനുവേണ്ടി മൂന്നു സമുദായങ്ങളെയാണ് ഔദ്യോഗികമായി അംഗീകരിച്ചിരുന്നത്; മുസ്ലിം, സിക്ക്, മറ്റുള്ളവര്‍ എന്നിങ്ങനെ. ആനുപാതിക പ്രാതിനിധ്യമനുസരിച്ച് ഓരോ പ്രവിശ്യാനിയമസഭയിലെയും അതതു സമുദായങ്ങളുടെ പ്രതിനിധികള്‍ ചേര്‍ന്നായിരിക്കണം സാമുദായികമായി അംഗങ്ങളെ തിരഞ്ഞെടുക്കേണ്ടത്. ബ്രിട്ടീഷ് ഇന്ത്യന്‍ സ്റ്റേറ്റുകളുടെ മുഴുവന്‍ പ്രാതിനിധ്യം 93 ആയി നിജപ്പെടുത്തിയിരുന്നു.

ഭരണഘടനാനിര്‍മാണ സമിതി ഡല്‍ഹിയില്‍ സമ്മേളിച്ച് അധ്യക്ഷന്‍, മറ്റുദ്യോഗസ്ഥന്മാര്‍ എന്നിവരെ തെരഞ്ഞെടുത്തുകൊണ്ട് പ്രവര്‍ത്തനം തുടങ്ങണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു. ന്യൂനപക്ഷങ്ങള്‍, പിന്നോക്കപ്രദേശങ്ങള്‍, പൗരസ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ട ഒരു ഉപദേശകസമിതി രൂപവത്കരിക്കാനും നിര്‍ദേശിക്കപ്പെട്ടിരുന്നു. ഭരണഘടനാനിര്‍മാണ സമിതിയിലെ പ്രവിശ്യാ പ്രതിനിധികള്‍ തങ്ങളുടെ പ്രവിശ്യാഗ്രൂപ്പുകള്‍ക്കനുസൃതമായി വെവ്വേറെ യോഗം ചേര്‍ന്നു പ്രവിശ്യാഭരണഘടനയ്ക്കുരൂപം നല്കുവാനും വ്യവസ്ഥ ചെയ്തിരുന്നു. അതിനുശേഷം പ്രവിശ്യാപ്രതിനിധികളും ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രതിനിധികളും ഒത്തുചേര്‍ന്നാണ് കേന്ദ്രഭരണഘടനയ്ക്കു രൂപം നല്കേണ്ടത്.

യൂണിയന്‍ ഭരണഘടനാകമ്മിറ്റിയില്‍ സുപ്രധാനമായ സാമുദായിക പ്രശ്നങ്ങളുണ്ടാകുമ്പോള്‍ തീരുമാനമെടുക്കേണ്ടത് ഓരോ സമുദായത്തിന്റെയും ഭൂരിപക്ഷഅംഗങ്ങളുടെ പിന്തുണയോടെയാണ് വേണ്ടതെന്ന് മിഷന്‍ ശിപാര്‍ശ ചെയ്തിരുന്നു. പ്രശ്നങ്ങളുടെ പ്രാധാന്യത്തെപ്പറ്റി തീര്‍പ്പു കല്പിക്കാനുള്ള അവകാശം ഭരണഘടനാനിര്‍മാണ കമ്മിറ്റി ചെയര്‍മാനില്‍ നിക്ഷിപ്തമാക്കിയിരുന്നു. അതേസമയം ഭൂരിപക്ഷം സാമുദായിക അംഗങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ അപ്രകാരം ഒരു തീരുമാനമെടുക്കുന്നതിനു ഫെഡറല്‍ കോടതിയുടെ ഉപദേശം ആരായുകയും ചെയ്യാനുള്ള വ്യവസ്ഥ മിഷന്‍ അതിന്റെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി.

മുഹമ്മദ് അലി ജിന്ന ക്യാബിനറ്റ് മിഷനൊപ്പം

പ്രത്യേക വിഭാഗങ്ങളുടെ പ്രത്യേക അവകാശ സംരക്ഷണം സംബന്ധിച്ച നിര്‍ദേശങ്ങള്‍ യൂണിയന്‍-പ്രവിശ്യാ ഭരണഘടനാ നിര്‍മാണ സമിതികള്‍ക്കു നല്കുവാനുള്ള അധികാരം നല്കിയിരുന്നത് പ്രത്യേകം രൂപവത്കരിച്ചിട്ടുള്ള ഉപദേശ സമിതികള്‍ക്കായിരുന്നു.

ഭരണഘടനാനിര്‍മാണവേളയില്‍ ഭരണ നടത്തിപ്പിനുവേണ്ടി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും പ്രതിനിധീകരിച്ചുകൊണ്ടുള്ള ഒരു ഇടക്കാല ഗവണ്‍മെന്റ് രൂപവത്കരിക്കാനുള്ള നിര്‍ദേശവും റിപ്പോര്‍ട്ടില്‍ നല്കിയിരുന്നു.

അധികാരക്കൈമാറ്റത്തിനുശേഷമുള്ള സ്വതന്ത്ര ഇന്ത്യ ബ്രിട്ടീഷ് കോമണ്‍വെല്‍ത്തില്‍ അംഗമായിരിക്കുമെന്ന പ്രത്യാശമിഷന്‍ പ്രകടിപ്പിച്ചു.

പ്രവിശ്യകള്‍ വിവിധ ഗ്രൂപ്പുകളാക്കുന്ന കാര്യത്തിലും ബംഗാള്‍-അസം ഗ്രൂപ്പില്‍നിന്നും ഭരണഘടനാനിര്‍മാണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ യൂറോപ്യന്മാരെ വോട്ടര്‍മാരായി ഉള്‍പ്പെടുത്തിയിരുന്നതിലും ഇടക്കാല ഗവണ്‍മെന്റിന്റെ അധികാരം നിജപ്പെടുത്തിയ രീതിയിലും മറ്റും കോണ്‍ഗ്രസ്സിന് ക്യാബിനറ്റു മിഷന്റെ നിര്‍ദേശങ്ങളുമായി യോജിപ്പുണ്ടായിരുന്നില്ല. ഇതു സംബന്ധിച്ച കോണ്‍ഗ്രസ്സിന്റെ അഭിപ്രായങ്ങള്‍ നിരസിച്ചുകൊണ്ടുള്ള സ്റ്റേറ്റുമെന്റ് മിഷന്‍ മേയ് 25-ന് പുറത്തിറക്കി. മുസ്ലിം മേധാവിത്വമുള്ള ആറു പ്രവിശ്യകള്‍ പ്രത്യേക ഗ്രൂപ്പായി രൂപവത്കരിച്ചുകൊണ്ടുള്ള മിഷന്റെ നിര്‍ദേശത്തില്‍ പാകിസ്താന്‍ എന്ന ആശയം അന്തര്‍ലീനമായതിനാല്‍ മുസ്ലിംലീഗ് മിഷന്റെ റിപ്പോര്‍ട്ട് അംഗീകരിക്കുകയും ഇടക്കാല ഗവണ്‍മെന്റ് രൂപവത്കരിക്കുന്ന കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ ജിന്നയെ ചുമതലപ്പെടുത്തുകയും ചെയ്തു.

ഇടക്കാല ഗവണ്‍മെന്റില്‍ കോണ്‍ഗ്രസ്സിനും മുസ്ലിംലീഗിനുമുള്ള പ്രാതിനിധ്യത്തിന്റെ അനുപാതം മിഷന്റെ പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രധാന പ്രതിബന്ധമായിരുന്നു. ഇത് സംബന്ധിച്ച് ജൂണ്‍ 12-ന് നെഹ്റുവും ജിന്നയുമായി മിഷന്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ചര്‍ച്ചയില്‍ ജിന്ന പങ്കെടുക്കുകയുണ്ടായില്ല. നെഹ്റുവിന്റെ നിര്‍ദേശങ്ങള്‍ അപ്പാടെ വൈസ്രോയിക്കു സ്വീകാര്യവുമായിരുന്നില്ല. അതോടെ ജൂണ്‍ 16-ന് ഇടക്കാല ഗവണ്‍മെന്റ് രൂപവത്കരിക്കുന്നതു സംബന്ധിച്ച് മിഷന്‍ ഒരു സ്റ്റേറ്റുമെന്റ് പ്രസിദ്ധീകരിക്കുകയുണ്ടായി. ജൂണ്‍ 26-ന് ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി ക്യാബിനറ്റ് മിഷന്‍ രൂപം നല്കിയ ഇടക്കാല ഗവണ്‍മെന്റില്‍ കോണ്‍ഗ്രസ് പങ്കാളിയാകേണ്ടെന്ന് തീരുമാനിച്ചു. അതേസമയം ഭരണഘടനാനിര്‍മാണ സംരംഭവുമായി കോണ്‍ഗ്രസ് സഹകരിക്കുകയും ചെയ്തു. ജൂണ്‍ 26-ന് ക്യാബിനറ്റ് മിഷന്റെ സ്റ്റേറ്റുമെന്റില്‍ ഇടക്കാലഗവണ്‍മെന്റ് രൂപവത്കരിക്കാനുള്ള ശ്രമം പരാജയപ്പെട്ടതില്‍ ഖേദം പ്രകടിപ്പിച്ചുവെങ്കിലും ഭരണഘടനാനിര്‍മാണ സംരംഭം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ചതില്‍ സന്തുഷ്ടി രേഖപ്പെടുത്തി. 1946 ജൂണ്‍ 29-ന് ക്യാബിനറ്റ്മിഷന്‍ പരിപാടികള്‍ പൂര്‍ത്തിയാക്കി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍